ഒമാനിലെ ഊർജ്ജ, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. പുതിയ നിയമം ജൂൺ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ നിയമപ്രകാരം പ്രൊഫഷണൽ ലൈസൻസ് ഇല്ലാത്ത നിലവിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകില്ല. കൂടാതെ, പുതുതായി ജോലിക്ക് എത്തുന്ന തൊഴിലാളികൾക്ക് മുൻകൂട്ടിയുള്ള ലൈസൻസിങ് ഇല്ലെങ്കിൽ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുകയുമില്ല. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമെതിരെ പിഴയും വർക്ക് പെർമിറ്റ് നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ പ്രധാന വ്യവസായ മേഖലകളിലെല്ലാം തൊഴിൽപരമായ മികച്ച നിലവാരം ഉറപ്പാക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ പരിഷ്കരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളിൽ പ്രൊഫഷണൽ യോഗ്യത ഉറപ്പാക്കുന്നതിലൂടെ തൊഴിൽ വിപണി കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.