രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായം നിലവിലെ രീതിയിൽ തുടരാനാകില്ലെന്ന് സുപ്രീം കോടതി. നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് പരമോന്നത കോടതിയുടെ നിർണായക നിരീക്ഷണം. പരീക്ഷാ നടത്തിപ്പിലെ പിഴവുകളുടെ പരമ്പര അവസാനിപ്പിച്ചേ തീരൂ എന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓൺലൈൻ പരീക്ഷാ രീതിയിലേക്ക് മാറുന്നതിനുള്ള വിശദാംശങ്ങളും പരീക്ഷാ പരിഷ്കരണത്തിനായുള്ള സമഗ്രമായ പ്ലാനും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. സമഗ്ര റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചിട്ടുണ്ട്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി വീഴ്ച വരുത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (NTA) പിരിച്ചുവിടണമെന്നും പ്രവേശന പരീക്ഷാ സമ്പ്രദായം അമൂലഗ്രം പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് കൂടുതൽ വാദത്തിനായി ഈ മാസം 27-ലേക്ക് മാറ്റി.