മുംബൈ: ഓൺലൈൻ വഴി ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടി വളരാനുള്ള എണ്ണ ലഭിച്ച സംഭവത്തിൽ 1.8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലിപ് കാർട്ടിനാണ് മുംബൈ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ പിഴ വിധിച്ചിരിക്കുന്നത്. മുംബൈയിലെ പവായ് സ്വദേശിയായ ഉപയോക്താവാണ് നിയമനടപടി സ്വീകരിച്ചത്.
2023 ഏപ്രിൽ 22ന് ഫ്ലിപ് കാർട്ടിലൂടെ 1,11,793 രൂപയുടെ ഐഫോൺ 14 പ്രോ ഓർഡർ ചെയ്തു. നോ കോസ്റ്റ് ഇഎംഐ വഴിയാണ് തുക നൽകിയത്. അതേ ദിവസം തന്നെ ചാർജറും ഫോൺ കവറും ഓർഡർ ചെയ്തിരുന്നു.ചാർജറും ഫോൺ കവറും ലഭിച്ചതിന്‍റെ പിറ്റേ ദിവസം ഐഫോണിന് പകരം താടി വളരാനുള്ള എണ്ണ ഡെലിവറി ചെയ്തുവെന്നാണ് പരാതി. ഏപ്രിൽ മുതൽ മേയ് വരെ ഫ്ലിപ് കാർട്ടിന്‍റെ കസ്റ്റമർ കെയറുമായി ഉപയോക്താവ് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പണം തിരിച്ചു നൽകാനോ എണ്ണയ്ക്കു പകരം ഫോൺ നൽകാനോ ഫ്ലിപ് കാർട്ട് തയാറായില്ല.തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്.
ഫോണിനു വേണ്ടി ചെലവഴിച്ച 1,11,793 രൂപയും 2023 ഏപ്രിൽ 22 മുതൽ പ്രതിവർഷം 9 ശതമാനം പലിശയും ഉൾപ്പെടെ തിരിച്ചു നൽകാൻ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. അതിനു പുറമേ ധനനഷ്ടം മാനസിക ബുദ്ധിമുട്ട് എന്നിവ പരിഹരിക്കുന്നതിനായി 50,000 രൂപയും കോടതി ചെലവായി 20,000 രൂപയും 45 ദിവസത്തിനുള്ളിൽ നൽകാനാണ് വിധി. ആപ്പിൾ ഇന്ത്യയും കേസിൽ കക്ഷിയാണ്.