രാജ്യത്തെ യുവാക്കളെ 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ചെന്ന രീതിയിൽ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത്. താൻ ഒരിക്കലും രാജ്യത്തെ യുവാക്കളെ അത്തരത്തിൽ അഭിസംബോധന ചെയ്തിട്ടില്ലെന്നും, നിയമവിരുദ്ധമായി വ്യാജ ബിരുദങ്ങൾ സമ്പാദിച്ച് പിൻവാതിലിലൂടെ അഭിഭാഷക വൃത്തിയിലേക്ക് കടന്നുവരുന്ന വ്യാജ അഭിഭാഷകരെയാണ് അങ്ങനെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.
രാജ്യത്തെ യുവാക്കളോട് തനിക്ക് എന്നും വലിയ ബഹുമാനമാണുള്ളത്. തന്നെ കാണാൻ നിരന്തരം നിരവധി യുവാക്കൾ എത്തുന്നുണ്ട്. അവരുടെ ചിന്താഗതികളിൽ നിന്നും വീക്ഷണങ്ങളിൽ നിന്നുമാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നത്. അതിനാൽ യുവാക്കളെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസംവിധാനത്തെ കബളിപ്പിച്ച് അധർമ്മത്തിലൂടെ അഭിഭാഷക വൃത്തിയിലെത്തുന്ന വ്യാജന്മാരാണ് നീതിന്യായ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നത്. അത്തരക്കാരെ കുറിച്ചാണ് താൻ പരാമർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയുടെ സേവനം ഏതൊരു സാധാരണക്കാരനായ ഇന്ത്യൻ പൗരനും ലഭ്യമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി പരമോന്നത കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും, ഏത് സമയത്തും സാധാരണക്കാർക്ക് നീതിക്കായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.