ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി.മകൻ ഉൾപ്പെടെയുള്ള കുടുംബം സംഭവത്തിൽ വലിയ പ്രതിഷേധം ഉയർത്തിയതിന് തുടർന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാൽ ഒടിഞ്ഞതിനെ തുടർന്നാണ് യുവതിയെ പാനിപ്പത്തിലെ ജിടി റോഡിലുള്ള പാർക്ക് ഹോസ്പിറ്റലിൽ പ്രവേശിച്ചതെന്നും എന്നാൽ, രോഗിയുടെ ബന്ധുക്കളുടെ അനുമതിയില്ലാതെ ഡോക്ചർമാർ ഹൃദയ ശസ്ത്രക്രിയ ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട് .
റോഡപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുർന്ന് ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവിയെ ജൂലൈ 24 -നാണ് ഹരിയാനയിലെ പാനിപ്പത്തിലെ ജിടി റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിലെ പെട്ടിയ എല്ലിന് പ്ലാസ്റ്ററിടാനായിരുന്നു യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം പറയുന്നു. ചികിത്സയുടെ അടുത്ത ദിവസം ആശുപത്രി അധികൃതർ ഗുഡ്ഡി ദേവിയുടെ ഹൃദയ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയെന്നും അതിനാൽ സ്റ്റന്‍റ് സ്ഥാപിച്ചെന്നും കുടുംബത്തെ അറിയിക്കുകയായിരുന്നു.
എന്നാൽ. അത്തരമൊരു ശസ്ത്രക്രിയയെ കുറിച്ചോ രോഗത്തെ കുറിച്ചോ അതിന് മുമ്പ് ആശുപത്രി അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രേഖകളിൽ ഒപ്പിട്ടിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
മരിച്ച സ്ത്രീയുടെ മകൻ കുൽദീപിന്‍റെ പരാതിയിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങളുടെ ഒപ്പുകൾ ആശുപത്രി അധികൃതർ വ്യാജമായി രേഖപ്പെടുത്തിയെന്നും, ചികിത്സയെക്കുറിച്ച് വിശദീകരണം തേടിയപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും കുൽദീപിന്‍റെ പരായിൽ പറയുന്നു. ചികിത്സാപിഴവും വഞ്ചനയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയാണ് കുൽദീപ്. ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകിയത്. മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ് അറിയിച്ചു.