Share this Article
News Malayalam 24x7
ഐഷി ഘോഷിനെതിരെയുള്ള ജാമ്യമില്ലാ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി റദ്ദാക്കി
 Aishe Ghosh

എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവ് ഐഷെ ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് ഡൽഹി പാട്യാല ഹൗസ് കോടതി റദ്ദാക്കി. മുൻപ് കോടതി അയച്ച സമൻസിന് ഹാജരാകാതിരുന്നതിന് പകരം 1,000 രൂപ പിഴയൊടുക്കാൻ കോടതി ഉത്തരവിട്ടു. ഐഷെ ഘോഷ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.

2021-ൽ ഡൽഹിയിലെ ബംഗ ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഐഷെയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. കേസിൽ ഏപ്രിൽ 11-ന് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ഐഷെ എത്തിയിരുന്നില്ല. തുടർന്നാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസം ഐഷെയെ അറസ്റ്റ് ചെയ്യാനായി ഡൽഹി പോലീസ് എ.കെ.ജി ഭവനിലെത്തിയിരുന്നു. എന്നാൽ ജോൺ ബ്രിട്ടാസ് എം.പി അടക്കമുള്ള മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പോലീസ് അറസ്റ്റ് നടപടികളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഐഷെ ഘോഷ് പാട്യാല ഹൗസ് കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച് ഇന്നലെ വാറന്റിന് താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്ന കോടതി, ഇന്ന് വാറന്റ് പൂർണ്ണമായി റദ്ദാക്കുകയും പകരം 1000 രൂപ പിഴയൊടുക്കാൻ നിർദേശിക്കുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories