ന്യൂഡൽഹി: തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (EPFO) നിർബന്ധിത കവറേജിനായുള്ള ഉയർന്ന ശമ്പള പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തൊഴിൽ മന്ത്രാലയത്തിന്‍റെ സുപ്രധാന നിർദേശത്തിന് അനുമതി നൽകിയത്.രാജ്യത്തെ തൊഴിലാളികളുടെ ദീർഘകാല റിട്ടയർമെന്‍റ് സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ മേഖല ഔദ്യോഗികവത്കരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. 'വിക്ഷിത് ഭാരത്@2047' ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ശക്തമായ ഒരു സാമൂഹിക സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഈ തീരുമാനം നിർണായകമാകും.
പുതിയ തീരുമാനത്തിലൂടെ 51 ലക്ഷത്തിലധികം അധിക ജീവനക്കാർക്ക് കൂടി നിർബന്ധിത ഇപിഎഫ്ഒ പരിരക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിൽ ശമ്പളം വാങ്ങുന്ന വലിയൊരു വിഭാഗം ജീവനക്കാരെ ഇതിലൂടെ നിയമപരമായ സാമൂഹിക സുരക്ഷാ പരിധിക്ക് കീഴിൽ കൊണ്ടുവരാൻ സാധിക്കും.പ്രൊവിഡന്‍റ് ഫണ്ട് സേവിങ്സ്, എംപ്ലോയീസ് പെൻഷൻ സ്കീം (EPS) വഴിയുള്ള പെൻഷൻ പരിരക്ഷ, ഇഡിഎൽഐ (EDLI) വഴിയുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവ പുതിയ അംഗങ്ങൾക്ക് ലഭ്യമാകും. 2014 സെപ്റ്റംബറിലാണ് ഇതിനുമുമ്പ് ഇപിഎഫ്ഒ വേജ് സീലിങ് അവസാനമായി പരിഷ്കരിച്ചത്. രാജ്യത്തെ തുടർച്ചയായ വേതന വളർച്ചയും വർധിച്ചുവരുന്ന വരുമാനവും കണക്കിലെടുത്താണ് നിലവിലെ ഈ മാറ്റം.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി അഞ്ച് വർഷത്തേക്ക് ഏകദേശം 56,696 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്ന ചെലവ്. പ്രതിവർഷ സർക്കാർ വിഹിതം ഏകദേശം 11,339 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു.