Share this Article
News Malayalam 24x7
ഉത്തർപ്രദേശിൽ പൊലീസ് അതിക്രമമെന്ന് പരാതി; ഗർഭിണിയായ യുവതി പ്രസവത്തിന് പിന്നാലെ മരിച്ചു; ആറ് പൊലീസുകാ൪ക്ക് സസ്പെൻഷൻ
Uttar Pradesh Incident

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഭർത്താവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്റെ മർദ്ദനമേറ്റ് ഗർഭിണിയായ യുവതി മരിച്ചതായി പരാതി. ഫിറോസാബാദ് ശിഖോബാദ് പ്രദേശത്ത് ലാഭൗവ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. മോഷണക്കേസ് പ്രതിയായ ഗൗരവ് എന്നയാളെ പിടികൂടാൻ എത്തിയതായിരുന്നു സബ് ഇൻസ്പെക്ടർ ധർമ്മപാൽ സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.

ഈ സമയം പ്രതിയുടെ ഭാര്യയായ 28 കാരി അഞ്ജലിയെ പൊലീസ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്യുകയും വയറ്റിൽ ചവിട്ടുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായ യുവതിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ജലി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും തൊട്ടുപിന്നാലെ മരണമടഞ്ഞു. നവജാതശിശുവിന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയതോടെ, രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് അധികാരികൾ അറിയിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും രാഷ്ട്രീയ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories