തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമെന്ന് കെ എസ് ഇ ബിയുടെ മുന്നറിയിപ്പ്. വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ലെന്നും അതിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി അനുഭവപ്പെടുന്നുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു.
ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽനിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെൻ്ററിൻ്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ടെന്ന് കെ എസ് ഇ ബി അറിയിപ്പിൽ വ്യക്തമാക്കി.എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും വെെദ്യുതി നിയന്ത്രണത്തിന് ഒരു പ്രധാന കാരണമായി പറയുന്നു.
മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കെ എസ് ഇ ബി വ്യക്തമാക്കുന്നു.