മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പരിശോധനയ്ക്ക് ശേഷമായിരിക്കും ആന്റോ അഗസ്റ്റിന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനം. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫീസ്, ആന്റോ അഗസ്റ്റിന്റെ ഫ്‌ളാറ്റ്, വയനാട്ടിലെ കുടുംബ വീട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് രേഖകളും മൊബൈല്‍ ഫോണുകളും അടക്കം എസ്‌ഐടി പിടിച്ചെടുത്തത്. അതേസമയം കേസില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എസ്‌ഐടി. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കുക. സ്റ്റേഡിയം കൈമാറിയതും സ്പോണ്‍സറെ തെരഞ്ഞെടുത്തിലുമുള്ള വി അബ്ദുറഹിമാന്റെ പങ്കാണ് എസ്ഐടി അന്വേഷിക്കുക. അതേ സമയം കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന വകുപ്പ് കൂടി ചുമത്താനാണ് ഇ.ഡിയുടെ നീക്കം.