കോഴിക്കോട്: കേരളത്തില്‍ 2 മുന്നണികൾ തമ്മിലാണ് മത്സരമെന്നും ഒന്ന് യുഡിഎഫും മറ്റൊന്ന് BJP യുമായി ചേര്‍ന്ന് എൽഡിഎഫും ആണെന്നും രാഹുൽ ഗാന്ധി.സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീല്‍ ആണ്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലാതെ ആയി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഓണ്‍ലെെനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തില്‍ രണ്ട് മുന്നണികളാണ് മത്സരരംഗത്തുള്ളത്. ഐക്യത്തിന്റെ സന്ദേശം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും വിഭജന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും എല്‍ഡിഎഫും ഒന്നിക്കുന്ന മറ്റൊരു മുന്നണിയും. ബിജെപിയോ സിപിഐഎം നേതൃത്വമോ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാകുന്നില്ല. കള്ളക്കേസുകള്‍ എടുത്ത് എതിര്‍പക്ഷത്തെ നിശബ്ദമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്', രാഹുല്‍ ഗാന്ധി പറഞ്ഞു.തനിക്കെതിരെ നാല്‍പ്പതോളം കേസുകളുണ്ട്. അഞ്ചുദിവസം ഇ ഡി ചോദ്യം ചെയ്തു. സന്ധി ചെയ്യാതെ പോരാടുന്ന നേതാക്കളെ ബിജെപി വേട്ടയാടുമ്പോള്‍ കേരള മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാത്തത് പരിശോധിച്ചാല്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനാകും എന്നും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു.
‘ഇന്നലെ എന്റെ അമ്മ ആശുപത്രിയിലാണ്. ഒരു മകനെന്ന നിലയിൽ ഞാനിവിടെ ഉണ്ടാവേണ്ടതുണ്ട്. സോഫയിൽ ആണ് ഞാൻ ഉറങ്ങിയത്. അമ്മയുടെ ആരോഗ്യ സ്ഥിതിയിൽ ഞാൻ സങ്കടത്തിലാണ്. എനിക്ക് ആകെയുള്ള ആകെ സമാധാനം, ആരോഗ്യ സ്ഥിതിയിൽ അമ്മക്കും ഞങ്ങൾക്കും കരുത്തായത് ഒരു മലയാളി നഴ്സായിരുന്നു.
ഇന്നലെ ഉറങ്ങാൻ കഴിഞ്ഞോ എന്ന് രാവിലെ ഞാൻ അവരോട് ചോദിച്ചു. ‘രാത്രി ഉറങ്ങാതെ ജോലി ചെയ്തു’ എന്ന് അവർ മറുപടി പറഞ്ഞു. ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ!. ഇതാണ് കേരളത്തിന്റെ ആത്മാവ്. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ മലയാളി വനിതകൾ ഐക്യം കോർത്തിണക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടം’ -രാഹുൽ ഗാന്ധി പറഞ്ഞു.