Share this Article
News Malayalam 24x7
ട്വിഷ ശർമയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഹൈക്കോടതി
വെബ് ടീം
posted on 22-05-2026
1 min read
TWISHA SHARMA

ന്യൂഡൽഹി: ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുപി സ്വദേശിനി ട്വിഷ ശർമയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‍മോർട്ടം നടത്താമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഡൽഹി എയിംസിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണമെന്നും കോടതി ഉത്തരവിട്ടു. യുവതിയുടെ കുടുംബം നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

നേരത്തെ യുവതിയുടെ കുടുംബത്തിന്റെ ആവശ്യം ഭോപ്പാൽ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തുന്നത് ആരെയും സംശയത്തിലാക്കില്ലെന്നും അതുവഴി എല്ലാവർക്കും ആത്മവിശ്വാസം കൂടുമെന്നും ആദ്യം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ കഴിവിൽ തനിക്ക് സംശയമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

ആദ്യ പോസ്റ്റ്മോർട്ടത്തിൽ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിഷയുടെ കുടുംബം വീണ്ടും പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടത്. ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. ട്വിഷയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളെക്കുറിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിശദമായി പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ട്വിഷയുടെ അഭിഭാഷകൻ ചോദിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിനിടെ രേഖപ്പെടുത്തിയ ട്വിഷയുടെ ഉയരം പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയ ഉയരത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു.

അതിനിടെ, ട്വിഷയുടെ ഭർത്താവ് സമർഥ് സിങ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. വിചാരണ കോടതിയിൽ കീഴടങ്ങി അവിടെ നിന്ന് ജാമ്യം നേടാമെന്ന് സമർഥ് സിങ്ങിന്റെ അഭിഭാഷകൻ അറിയിച്ചു. ഇതിനു പിന്നാലെയാണ് യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാനുള്ള കോടതി ഉത്തരവ് വന്നത്. ഭാര്യയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സമർഥിനെ ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ട്വിഷയെ മേയ് 12നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭോപ്പാൽ സ്വദേശി സമർഥ് സിങ്ങുമായി 2025 ഡിസംബറിലായിരുന്നു ട്വിഷയുടെ വിവാഹം. 2024ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ട്വിഷയുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories