Share this Article
News Malayalam 24x7
പിറന്നാളാശംസിച്ച മലയാളിക്ക് മെസ്സിയുടെ സർപ്രൈസ് മറുപടി; കമന്റ് കണ്ട് ഞെട്ടി ആരാധകനും,പോസ്റ്റ് വൈറൽ
വെബ് ടീം
1 hours 40 Minutes Ago
1 min read
messi

തൃശ്ശൂർ: ഫുട്‍ബോളിലെ മിശിഹാ എന്ന് വാഴ്ത്തുപേരുള്ള ഇതിഹാസം  ലയണൽ  മെസ്സിയ്ക്ക് രാജ്യാതിർത്തികൾ കടന്നു ലോകമെങ്ങും ആരാധകരുണ്ട്.  മെസ്സിയോട് മലയാളികൾക്കുള്ള സ്നേഹം അതിരുകളില്ലാത്തതാണ്. അതിർത്തികൾ കടന്ന്  ആ സ്നേഹം പലപ്പോഴും അർജന്റീനയിലെ താരത്തിന്റെ അടുത്ത്  എത്താറുമുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഈ അതിരറ്റ സ്നേഹത്തിന് സാക്ഷാൽ മെസ്സി തന്നെ നേരിട്ട് മറുപടി നൽകിയിരിക്കുന്നു.സമൂഹ മാധ്യമത്തിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ച മലയാളി ആരാധകന് നന്ദിയറിയിച്ച്  ലയണൽ മെസ്സി. കൊടുങ്ങല്ലൂർ സ്വദേശി യാദിൽ എം. ഇഖ്ബാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പിറന്നാൾ ആശംസാ വീഡിയോയ്ക്ക് താഴെയാണ് മെസ്സിയുടെ കമന്റ്. യാദിലിന്റെ പേരുചേർത്ത് സ്പാനിഷ് ഭാഷയിൽ നന്ദിയറിയിക്കുന്നതാണ് മെസ്സിയുടെ കമന്റ്. ആറരലക്ഷത്തോളം പേരാണ് കമന്റ് ഇതുവരെ ലൈക്ക് ചെയ്തത്.

'ലിയോയ്ക്ക് ജന്മദിനാശംസകൾ. കേരളത്തിൽനിന്ന് ഇന്ത്യൻ ജനതയുടെ സ്‌നേഹമറിയിക്കുന്നു. എന്റെ പരിശ്രമങ്ങൾ ഒരിക്കൽ ലിയോ കാണുമെന്നും എന്നെ തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു' എന്നാണ് അർജന്റീനയുടെ ജഴ്‌സിയണിഞ്ഞുള്ള വീഡിയോയിൽ യാദിൽ പറഞ്ഞത്. കൊടുങ്ങല്ലൂരിൽ യാദിൽ വരച്ച മെസ്സിയുടെ കൂറ്റൻ മ്യൂറൽ ചിത്രം, ലോകകപ്പ് വിജയത്തിനു പിന്നാലെ നിർമിച്ച പ്രതിമ, തന്റെ ആഡംബരക്കാറായ ഡിഫൻഡറിൽ പതിപ്പിച്ച മെസ്സിയുടെ ചിത്രം എന്നിവ ചേർത്താണ് വീഡിയോ ചെയ്തിരിക്കുന്നത്.'Gracias Yadil!' (നന്ദി യാദിൽ) എന്നാണ് മെസ്സി കമന്റായി കുറിച്ചത്. കമന്റ് തിരഞ്ഞ് ഒട്ടേറെപ്പേരാണ് യാദിലിന്റെ അക്കൗണ്ടിലേക്കെത്തുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories