ഗ്രീസിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ദൗത്യത്തിനിടെ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ പൈലറ്റും ഫയർ സർവീസ് ലെയ്സൺ ഓഫീസറും കൊല്ലപ്പെട്ടു.
തീ അണയ്ക്കുന്നതിനുള്ള രക്ഷാപ്രവർത്തനത്തിനിടെയാണ് രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടർന്ന് ഒരു ഹെലികോപ്റ്റർ വായുവിൽ വെച്ച് പൊട്ടിത്തെറിച്ച് നിലത്തേക്ക് പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നൂറിലധികം വീടുകൾ പൂർണ്ണമായും കത്തിനശിച്ചു. കാട്ടുതീ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ ഗ്രീസിലുടനീളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.