ജാർഖണ്ഡ് പി.എസ്.സി (ജെ.പി.എസ്.സി) പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായി സർക്കാർ. സമരക്കാരുമായി ചർച്ച നടത്തുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സമിതിയെ സർക്കാർ രൂപീകരിച്ചു.
റാഞ്ചി സബ് ഡിവിഷണൽ ഓഫീസർ സമരസ്ഥലത്തെത്തിയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഉദ്യോഗാർത്ഥികളെ അറിയിച്ചത്. ചർച്ചയ്ക്കായി ഏഴംഗ പ്രതിനിധി സംഘത്തെ നിയോഗിക്കാനും സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ വേണം ചർച്ച നടത്താനെന്നും, കാര്യങ്ങൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. കൂടാതെ വിഷയത്തിൽ അടിയന്തരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.
അതേസമയം, പരീക്ഷാ ക്രമക്കേടിൽ നിലവിൽ സി.ഐ.ഡി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും, കേസിലെ പ്രധാന പ്രതിയെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം. ജൂലൈ അഞ്ചിന് ജെ.പി.എസ്.സി പ്രിലിമിനറി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഫലത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്. റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ ആരംഭിച്ച കുത്തിയിരിപ്പ് സമരം ഇപ്പോൾ വലിയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് രാത്രിയും പകലുമായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.