മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. സായാഹ്നം,ശീലാബതി,ബുദ്ധൻ ചിരിക്കുന്നു,സ്ഥിതി, തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ സായാഹ്നം ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി. ഡോക്യുമെന്ററി സംവിധായകനായാണ് ആർ. ശരത് സിനിമാജീവിതം ആരംഭിച്ചത്. ദി പെയിന്റഡ് എപ്പിക്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ രാജാ രവിവർമ്മയുടെ അപൂർവ ചുവർചിത്രങ്ങൾ കണ്ടെത്തിയത് ശ്രദ്ധേയമായി. ഈ കണ്ടെത്തലിന് പിന്നാലെ 1996-ൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും ലഭിച്ചു.ഒ.എൻ.വി കുറുപ്പിന്റെ കവിതയെ ആസ്പദമാക്കി ഒരുക്കിയ ‘ഭൂമിക്ക് ഒരു ചരമഗീതം’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ കൃതികൾ അദ്ദേഹത്തിന്റേതാണ്. ‘സ്ഥിതി’യും ഏറെ നിരൂപക പ്രശംസ നേടി. ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഇന്ദിരാഗാന്ധി പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ ആർ. ശരതിനെ തേടിയെത്തിയിട്ടുണ്ട്.