സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. പുലർച്ചെയോടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ആറിലെത്തിയത്.
അഞ്ച് നിലകളുള്ള കെട്ടിടത്തിന് ഏകദേശം 50 വർഷത്തെയധികം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബേസ്‌മെന്റും അഞ്ച് നിലകളുമുള്ള കെട്ടിടം ഇന്നലെ ഉച്ചയോടെയാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണത്. അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെട്ടിടത്തിന്റെ പഴക്കവും സമീപത്ത് നടന്നിരുന്ന അറ്റകുറ്റപ്പണികളുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ഡൽഹി സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.