Share this Article
News Malayalam 24x7
പരീക്ഷാ ദൈർഘ്യം 195 മിനിറ്റായി ഉയർത്തി, റഫ് വർക്കിനായി നാല് പേജുകൾ; പുതിയ മാറ്റങ്ങളുമായി നീറ്റ് പരീക്ഷ
വെബ് ടീം
posted on 12-06-2026
1 min read
nta

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥി സൗഹൃദ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷ ന്യായവും സുരക്ഷിതവും ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസൃതവുമായി നടത്തുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ഏജൻസി അറിയിച്ചു. ജൂൺ 21ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

പുതിയ മാറ്റങ്ങൾ പ്രകാരം പരീക്ഷാ ദൈർഘ്യം 195 മിനിറ്റായി പരിഷ്കരിച്ചു. പരീക്ഷ ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:15 വരെ ആണ് പുതുതായി ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേപ്പറിന്റെ എണ്ണം കൂട്ടി. നേരത്തെ രണ്ട് പേപ്പറായിരുന്നത് നാലായി കൂട്ടി.കൂടാതെ നേരത്തെ ബുക്ക്‌ലെറ്റിന്റെ അവസാന പേജുകളിലായി റഫ് വർക്കിനുള്ള പേജ് നൽകിയിരുന്നതിലും മാറ്റം വരുത്തി. ഇനിമുതൽ രണ്ട് റഫ് വർക്ക് പേജുകൾ നിർദേശങ്ങൾ നൽകിയിരിക്കുന്ന പേജിന് ശേഷവും ബാക്കി രണ്ട് പേജുകൾ ചോദ്യപേപ്പറിന്റെ അവസാനവുമായിരിക്കും കാണപ്പെടുക.

പരീക്ഷയ്ക്ക് മുൻപായി അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടുന്നതും ഇൻവിജിലേഷൻ നടപടികളും തുടരും.പരീക്ഷാ പ്രക്രിയ കൂടുതൽ സുഖകരവും ഉദ്യോഗാർത്ഥി സൗഹൃദപരവുമാക്കുക എന്നതാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് എൻടിഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി +91-11-40759000 എന്ന നമ്പറിലും neetug2026@nta.ac.in എന്ന ഇമെയിലിലും ബന്ധപ്പെടാം. എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാനും ഏജൻസി നിർദേശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories