ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തിയ പാർലമെന്റ് മാർച്ച് വൻ സംഘർഷത്തിൽ. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ബലംപ്രയോഗിച്ചു. പ്രവർത്തകരെ സ്ഥലത്തുനിന്ന് നീക്കാനായി ലത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.പാർലമെന്റിന് സമീപം പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സമാജ്‌വാദി പാർട്ടി ലോക്സഭാംഗം ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അഭിജീത് ദീപ്‌കെയെയും നടന്‍ പ്രകാശ് രാജിനെയും പൊലീസ് കയ്യേറ്റം ചെയ്തതായി റിപോർട്ടുണ്ട്. നീറ്റ് പുന:പരീക്ഷയുടെ സമ്മർദത്തില്‍ ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം തലസ്ഥാന നഗരിയിൽ പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ, ആഭ്യന്തരമന്ത്രി അമിത് ഷാ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ച് അടിയന്തര കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്ന സാഹചര്യത്തിൽ നടന്ന ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിനുപുറമെ, കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്.
നിലവിൽ ഡൽഹിയിൽ സംഘർഷം അതി രൂക്ഷമായിരിക്കുകയാണ്. രാവിലെ മുതൽ ജന്തർ മന്തറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇവർക്ക് നേരെ ലാത്തി വീശിയിരുന്നു. തുടർന്ന് പൊലീസും സമരക്കാരും തമ്മിലുളള് സംഘർഷം രൂക്ഷമായി. സമരക്കാർ പാർലമെന്റിനടുത്തേക്ക് എത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്തേക്ക് കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്. സമരത്തെ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും രംഗത്തെത്തി. പാർലമെന്റിന് പുറത്തും സുരക്ഷ ശക്തമാക്കി.