Share this Article
News Malayalam 24x7
PSC പരീക്ഷാ ക്രമക്കേടിൽ എസ്ഐടി കേസെടുത്തു; ആദ്യ കേസ് ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പിൽ
വെബ് ടീം
1 hours 27 Minutes Ago
1 min read
PSC

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ കേസാണിത്. ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി പ്രാഥമിക അന്വേഷണം നടത്തി പിഴവുണ്ടായി എന്ന് വ്യക്തമായതിനു ശേഷമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിച്ചതിലാണ് ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പിഎസ്‌സി ഉദ്യോഗസ്ഥര്‍ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ പിഎസ്‌സി ആസ്ഥാനത്ത് എത്തിയ എസ്‌ഐടി സംഘം രേഖകള്‍ വിശദമായി പരിശോധിക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

നേരത്തെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് എടുത്തത്. മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വീഴ്ച സംബന്ധിച്ചു വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഒരു ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പത്തു ചോദ്യങ്ങള്‍ ഒഴിവാക്കിയതാണ് വിവാദമായത്. ഒന്നാം പേപ്പറിന്റെ ഇക്കണോമിക്‌സ് വിഷയത്തില്‍ 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താന്‍ ആരെയും നിയോഗിക്കാതിരുന്നത് മനഃപൂര്‍വമാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories