സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ‍് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.ഈരാറ്റുപേട്ട ടൗണിൽ കടകളിൽ വെള്ളം കയറി. വലിയ നാശനഷ്ടമാണ് ഈരാറ്റുപേട്ട ടൗണിൽ വ്യാപാരികൾക്ക് ഉണ്ടായത്. പാലാ ടൗണിൽ വെള്ളം കയറി തുടങ്ങി. പ്രദേശത്ത് മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്.
മലയോര മേഖലയില്‍ പെരുമഴയാണ് പ്രവചിരിക്കുന്നത്.കൂടാതെ മണ്ണിടിച്ചിലും ഉണ്ട്. കനത്തമഴയെ തുടർന്ന് അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.അതേസമയം വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. അതേസമയം കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.
ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പൊലീസ് സേനയെ ഉടന്‍ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാര വാഹനങ്ങള്‍ക്കും പ്രവേശനം പൂര്‍ണമായും തടയണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പാല്‍ ചുരത്തില്‍ റോഡ് തകര്‍ന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ആറളത്ത് ചിത്രശലഭ സങ്കേതത്തില്‍ വെള്ളംകയറി. കോളിത്തട്ടില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും കാരണം ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി മാട്ടറ , വട്ടിയാം തോട്, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്. ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ സമീപത്തെ നൂറുല്‍ ഹുദ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി. 19 മുതിര്‍ന്നവരും 7 കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. പുളിങ്ങോം കോഴിച്ചാലില്‍ തുരുത്തില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു. തുരുത്തിലെ താമസക്കാരിയായ സുമതിയെയാണ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
റിസര്‍വോയറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പഴശ്ശി ബാരേജിന്റെ ഷട്ടറുകള്‍ ഇന്ന് ഘട്ടംഘട്ടമായി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ മുകള്‍ഭാഗത്തും താഴ്ഭാഗത്തും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നു. വാഗമണ്ണിലും കുടയത്തൂരിലുമായി നടന്ന മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും രണ്ട് പേര്‍ മരിച്ചു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകമായതോടെ നിരവധി റോഡുകള്‍ അടഞ്ഞുകിടക്കുകയാണ്. മുട്ടം, തൊടുപുഴ, കരിങ്കുന്നം, ഇലപ്പള്ളി, വാഗമണ്‍, വണ്ടിപ്പെരിയാര്‍, അടിമാലി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും രൂക്ഷമാണ്. പെരിയാര്‍ കര കവിഞ്ഞൊഴുകിയതോടെ തടിയമ്പാട് മേഖലയിലെ ഇരുപതോളം കുടുംബങ്ങള്‍ ദുരിതത്തിലായി. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാറിനും പള്ളിവാസലിനും ഇടയിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. മച്ചിപ്ലാവ്, ദേവിയാർ, ചാറ്റുപാറ മേഖലകളിൽ വെള്ളം കയറിയപ്പോൾ പെരിയാർ കരകവിഞ്ഞൊഴുകിയതോടെ തടിയമ്പാട് മേഖലയിലെ ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിലായി. വീടുകളിലും പരിസരങ്ങളിലും വെള്ളം കയറിയതോടെ വാഹനങ്ങൾ വടംകെട്ടി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.മൂലമറ്റം–വാഗമൺ, വാഗമൺ–ഈരാറ്റുപേട്ട, വാഗമൺ–ഉപ്പുതറ, കട്ടപ്പന–വാഴവര, തടിയമ്പാട്–ചെറുതോണി റോഡുകളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും പലയിടങ്ങളിൽ വെള്ളപ്പാച്ചിലും പാറയിടിച്ചിലും യാത്ര ദുഷ്കരമാക്കി.പ്രളയസാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ നടപടികൾ ശക്തമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.