Share this Article
News Malayalam 24x7
ആരെയും അറിയിക്കാതെ കർഷകൻ 5 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ടു, അത്യാവശ്യം വന്നപ്പോൾ സ്ഥലം മറന്നു, 1 കൊല്ലം കഴിഞ്ഞ് കണ്ടപ്പോൾ നെഞ്ച് തകർന്നു!
വെബ് ടീം
1 hours 25 Minutes Ago
1 min read
Mangilal Meghwal

ബലോട്ര: കയ്യിലുള്ള സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനും കള്ളന്മാർ കവർച്ച ചെയ്യാതിരിക്കാനും നഷ്ടപ്പെടാതിരിക്കാനും പലയാളുകളും പണം ബാങ്കിലിടാറുണ്ട്. രാജ്യത്തെ ഒരു കർഷകൻ ബാങ്കിലെ നൂലാമാലകൾ ഒക്കെ കരുതി മറ്റൊരു സുരക്ഷാ വഴിയാണ് സ്വീകരിച്ചത്. കർഷകൻ അത് തന്റെ കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു.രാജസ്ഥാനിലെ ബലോട്ര ജില്ലയിലെ പച്പദ്രയിലെ താമസക്കാരനായ മംഗിലാൽ മേഘ്വാൾ എന്ന കർഷകനാണ് കൃഷിയിടത്തിൽ രഹസ്യമായി 5 ലക്ഷം രൂപ കുഴിച്ചിട്ടത്. ഒരു വർഷം മുമ്പ് ഒരു സ്ഥലം വിറ്റ വകയിലാണ് മംഗിലാലിന് 5 ലക്ഷം രൂപ ലഭിച്ചത്. ഈ പണമുപയോ​ഗിച്ച് തന്റെ ഫാമിൽ ഒരു മുറി നിർമ്മിക്കാനായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്നാൽ, പണം മോഷ്ടിക്കപ്പെടുമെന്നോ കുടുംബാംഗങ്ങൾ ചെലവഴിച്ചു കളയുമെന്നോ ഉള്ള ഭയം കാരണം, ആരോടും പറയാതെ പണം ഒളിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഒരു രാത്രിയിൽ മംഗിലാൽ മുഴുവൻ തുകയും ഒരു പോളിത്തീൻ ബാഗിലാക്കി തന്റെ കൃഷിയിടത്തിൽ ഒരു കുഴിയെടുത്ത് ഒളിപ്പിച്ചു.ഇനിയാണ് സംഭവങ്ങൾ മറ്റൊരു ദിശയിലേക്ക് തിരിയുന്നത്.

വീട്ടിൽ ഒരു  മുറി നിർമ്മിക്കാനായി പണം ആവശ്യമായി വന്നപ്പോൾ പണമെടുക്കാൻ തീരുമാനിച്ചു. പക്ഷെ എത്ര ആലോചിട്ടും താൻ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം അദ്ദേഹത്തിന് ഓർത്തെടുക്കാനായില്ല.ദിവസങ്ങളോളം അദ്ദേഹം പണത്തിനായി തിരച്ചിൽ നടത്തി. എന്നാൽ, ആറ് ഏക്കറിലധികം വരുന്ന തന്റെ കൃഷിയിടത്തിൽ നിന്ന് അത് കണ്ടെത്താനായില്ല. ഒടുവിൽ അദ്ദേഹം തന്റെ ഭാര്യയോടും മക്കളോടും കുഴിച്ചിട്ട പണത്തെക്കുറിച്ച് പറഞ്ഞു. ആദ്യം അവർ അദ്ദേഹത്തെ വിശ്വസിച്ചില്ലെങ്കിലും പിന്നീട് തിരച്ചിലിൽ പങ്കുചേർന്നു. എന്നാൽ, എത്ര ശ്രമിച്ചിട്ടും സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നതോടെ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഈ വിവരം അവർ മറ്റാരോടും പറഞ്ഞിരുന്നില്ല.ഏകദേശം ഒരു വർഷം കഴിഞ്ഞു. മഴയ്ക്ക് ശേഷം കുടുംബം കൃഷിയിടത്തിൽ വിത്തുപാകാൻ തയ്യാറെടുപ്പുകൾ തുടങ്ങി. വ്യാഴാഴ്ച രാത്രി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനിടയിലാണ് കുഴിച്ചിട്ടിരുന്ന ബാഗ് യാദൃശ്ചികമായി പുറത്തേക്ക് വന്നത്. ഇരുട്ടായിരുന്നതിനാൽ ആ സമയത്ത് ആരും ഇത് ശ്രദ്ധിച്ചില്ല.പിറ്റേന്ന് രാവിലെ മംഗിലാലിന്റെ ഭാര്യയും മകനും ചേർന്ന് കൃഷിയിടത്തിന് ചുറ്റുമുള്ള വേലി ശരിയാക്കുന്നതിനിടയിലാണ് കീറി നശിച്ച നിലയിലുള്ള ബാഗ് കണ്ടത്. അത് തുറന്നപ്പോൾ, ചിതലുകൾ തിന്നു നശിപ്പിച്ച നിലയിൽ 500 രൂപയുടെ നോട്ടുകളുടെ അവശിഷ്ടങ്ങൾ കണ്ട് അവർ ഞെട്ടിപ്പോയി. ഈ നോട്ടുകളും കൊണ്ട് കുടുംബം പച്പദ്രയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെത്തിയെങ്കിലും ബാങ്ക് അധികൃതർ അത് സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് അവർ ബാലോത്രയിലെ മെയിൻ ബ്രാഞ്ചിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജയ്പൂരിലെ ബാങ്കിനെ സമീപിക്കാൻ കുടുംബത്തിന് നിർദ്ദേശം ലഭിച്ചു. എന്നാൽ, നിരക്ഷരനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നയാളുമായ മംഗിലാലിന് നിലവിൽ ജയ്പൂരിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നില്ല.താന്‍ മണ്ണില്‍ കുഴിച്ചിട്ട സമ്പാദ്യം മുഴുവന്‍ ഒരു വര്‍ഷത്തിന് ശേഷം നശിച്ച് പോയതില്‍ നെഞ്ച് തകര്‍ന്ന് ഇരിക്കുകയാണ് രാജസ്ഥാനിലെ ആ കർഷകൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories