Share this Article
News Malayalam 24x7
TVK സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; വിജയ് 2 മണ്ഡലങ്ങളിൽ മത്സരിക്കും
Actor Vijay to Contest from Perambur and Trichy East Seats

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടുന്നത്. ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളാണ് വിജയ് തിരഞ്ഞെടുത്തിരിക്കുന്നത്.

പാർട്ടിയുടെ നിർണ്ണായകമായ ആദ്യ പട്ടികയിൽ പ്രമുഖർ ഇടംപിടിച്ചിട്ടുണ്ട്. സെങ്കോട്ടയൻ ഗോപിചെട്ടിപ്പാളയത്ത് നിന്നും, പാർട്ടിയുടെ ഐടി വിഭാഗം മേധാവിയായ ബൂസി ആനന്ദ് ചെന്നൈയിലെ ടി. നഗറിൽ നിന്നും മത്സരിക്കും. 'വിസിൽ' ആണ് പാർട്ടിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളോടൊപ്പം നിൽക്കുന്ന സാധാരണക്കാരായ പ്രവർത്തകരെയാണ് താൻ സ്ഥാനാർത്ഥികളായി കണ്ടെത്തിയിരിക്കുന്നതെന്ന് വിജയ് വ്യക്തമാക്കി.


ജനപ്രിയമായ പല വാഗ്ദാനങ്ങളും പട്ടിക പ്രഖ്യാപന വേളയിൽ വിജയ് മുന്നോട്ടുവെച്ചു. ലഹരിമുക്ത തമിഴ്‌നാട് എന്ന ലക്ഷ്യത്തിന് മുൻഗണന നൽകുമെന്നും ലഹരി വ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 20 ലക്ഷം രൂപ വരെ ഈടില്ലാത്ത (Collateral-free) ബാങ്ക് വായ്പ ലഭ്യമാക്കുമെന്നതാണ് പ്രധാന വാഗ്ദാനം.



ഭരണകക്ഷിയായ ഡി.എം.കെയിലെ എം.എൽ.എമാർക്കെതിരെ വിജയ് രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. അനുഭവസമ്പത്ത് എന്ന് അവകാശപ്പെടുന്ന പല നേതാക്കളും ജനങ്ങളെ കൊള്ളയടിക്കാനും മണൽ മാഫിയയ്ക്കും ഖനന മാഫിയയ്ക്കും ഒത്താശ ചെയ്യാനുമാണ് സമയം ചിലവഴിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "പല എം.എൽ.എമാർക്കെതിരെയും കൊള്ള, മോഷണം, ലഹരിക്കടത്ത് കേസുകളുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ അവർ ആക്രമിക്കുന്നു. ഇതിനൊരു മാറ്റമുണ്ടാകണം," വിജയ് പറഞ്ഞു.


എം.എൽ.എമാർ വെറും ജനപ്രതിനിധികളല്ല, മറിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ 'അതിർത്തി കാവൽക്കാർ' (Ellai Kaappalarkal) ആകണമെന്ന് വിജയ് ആഹ്വാനം ചെയ്തു. "എനിക്ക് എല്ലാ സ്ഥലത്തും നേരിട്ട് എത്തിച്ചേരാൻ കഴിയില്ല. അതുകൊണ്ട് എന്റെ പ്രതിനിധികളായാണ് ഞാൻ ഓരോ സ്ഥാനാർത്ഥിയെയും കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ സഹോദരങ്ങളും സഹോദരിമാരുമായ ഇവരെ വിജയിപ്പിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരെ അധികാരത്തിലെത്തിക്കുക എന്ന നയമാണ് ടി.വി.കെ പിന്തുടരുന്നതെന്നും വിജയ് വ്യക്തമാക്കി.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories