തമിഴക വെട്രി കഴകം (ടിവികെ) തന്റെ പാർട്ടിയുടെ ഏക എംഎൽഎയായ കാമരാജിന്റെ പേരിൽ വ്യാജ പിന്തുണക്കത്ത് നിർമ്മിച്ചെന്ന് ആരോപിച്ച് എഎംഎംകെ നേതാവ് ടി.ടി.വി ദിനകരൻ പൊലീസിൽ പരാതി നൽകി. ഗിണ്ടി പൊലീസ് സ്റ്റേഷനിലാണ് ദിനകരൻ പരാതി നൽകിയത്.
വാട്സ്ആപ്പ് വഴി ലഭിച്ച കത്താണെന്ന വ്യാജേന എംഎൽഎയുടെ പിന്തുണക്കത്ത് ടിവികെ ഗവർണർക്ക് സമർപ്പിച്ചെന്നാണ് ആരോപണം. എന്നാൽ, ഈ കത്തിന്റെ നിജസ്ഥിതി അറിയാൻ ഗവർണർ എംഎൽഎയെ നേരിട്ട് വിളിച്ചപ്പോൾ അത്തരമൊരു കത്ത് നൽകിയിട്ടില്ലെന്ന് കാമരാജ് വ്യക്തമാക്കിയതായി ദിനകരൻ പറഞ്ഞു.
അതേസമയം, ദിനകരന്റെ ആരോപണങ്ങളെ ടിവികെ ശക്തമായി തള്ളി. ദിനകരന്റെ അറിവോടെയും സമ്മതത്തോടെയുമാണ് പാർട്ടിക്ക് സ്വമേധയാ പിന്തുണ നൽകിയതെന്ന് ടിവികെ വ്യക്തമാക്കി. ഇതിന് തെളിവായി എംഎൽഎ കാമരാജ് കത്തിൽ ഒപ്പിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വിജയിന്റെ പാർട്ടി പുറത്തുവിട്ടു. തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ ഈ പുതിയ വിവാദം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.