തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം ഇന്ന് അവസാനിച്ചേക്കും. രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുത്തൈഗൾ കച്ചി (വിസികെ) വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് വിസികെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
നിലവിൽ 116 എംഎൽഎമാരുടെ പിന്തുണക്കത്താണ് വിജയ് ഗവർണർക്ക് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്ന സുപ്രീം കോടതി വിധി മുൻനിർത്തി ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ വിജയിന് ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കും.
കോൺഗ്രസ്, സി.പി.ഐ, സി.പി.എം, മുസ്‌ലിം ലീഗ് എന്നീ പാർട്ടികൾ നേരത്തെ തന്നെ വിജയിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തുകൾ ഉടൻ തന്നെ ഗവർണർക്ക് കൈമാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് വിജയ് ഗവർണറെ കണ്ട് പിന്തുണക്കത്ത് നൽകിയത്. ഉപമുഖ്യമന്ത്രി സ്ഥാനം വിസികെ ആവശ്യപ്പെടുമോ എന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും.
അതേസമയം, ടി.ടി.വി ദിനകരന്റെ ആരോപണങ്ങൾ തള്ളി ടിവികെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഏക എംഎൽഎയുടെ പേരിൽ ടിവികെ വ്യാജ പിന്തുണക്കത്ത് ഉണ്ടാക്കിയെന്നായിരുന്നു ദിനകരന്റെ ആരോപണം. ഇതിന് മറുപടിയായി എംഎൽഎ കാമരാജ് കത്തിൽ ഒപ്പിടുന്ന ദൃശ്യങ്ങൾ ടിവികെ പുറത്തുവിട്ടു.
ഗവർണർ ഇന്ന് അനുമതി നൽകുകയാണെങ്കിൽ നാളെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ഇതോടെ തമിഴ് രാഷ്ട്രീയത്തിലെ നാടകീയമായ അനിശ്ചിതത്വങ്ങൾക്ക് തിരശ്ശീല വീഴും.