തമിഴ്‌നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് വിജയ്‍യുടെ നേതൃത്വത്തിലുള്ള ടിവികെ (TVK) സർക്കാർ. 233 അംഗങ്ങളുള്ള സഭയിൽ 144 പേരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരം ഉറപ്പിച്ചത്. പ്രതിപക്ഷ നിരയിൽ നിന്ന് 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ, അഞ്ച് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ടിവികെയുടെ 105 അംഗങ്ങൾക്ക് പുറമെ കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (2), മുസ്ലിം ലീഗ് (2) എന്നീ പാർട്ടികളുടെയും എഐഎഡിഎംകെയിലെ വിമത പക്ഷത്തിന്റെയും പിന്തുണ വിജയ്‍ക്ക് ലഭിച്ചു. അതേസമയം, വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാന പ്രതിപക്ഷമായ ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിഎംകെ, ബിജെപി എന്നീ പാർട്ടികളിലെ അഞ്ച് എംഎൽഎമാരാണ് വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നത്.
വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷം കടുത്ത ആരോപണങ്ങളാണ് വിജയ്‍ക്കെതിരെ ഉന്നയിച്ചത്. കുതിരക്കച്ചവടത്തിലൂടെയാണ് വിജയ് അധികാരം പിടിച്ചതെന്ന് ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി വിജയ് നൽകിയത്. "ഇവിടെ നടക്കുന്നത് കുതിരക്കച്ചവടമല്ല, ടിവികെ സർക്കാർ കുതിരവേഗത്തിൽ കുതിക്കുകയാണ് ചെയ്യുക" എന്ന് അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു. വിജയ്‍യുടെ ജ്യോത്സ്യനെ ഉദ്യോഗസ്ഥനായി നിയമിച്ചതിനെച്ചൊല്ലിയും സഭയിൽ തർക്കങ്ങൾ ഉടലെടുത്തു. എങ്കിലും വോട്ടെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചത് വിജയ് സർക്കാരിന് വലിയ കരുത്തായി മാറിയിരിക്കുകയാണ്.