സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിതീവ്രമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യുനമർദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമായിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്. നാളെയും (ആഗസ്റ്റ് 6) ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപകമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.