Share this Article
News Malayalam 24x7
മോഷണത്തിനായി വീട്ടിൽ കയറിയത് നഗ്നനായി, ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം, പ്രതി പിടിയിൽ
വെബ് ടീം
1 hours 14 Minutes Ago
1 min read
asha workers

എറണാകുളം: പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം. മോഷണത്തിനായി വീട്ടില്‍ കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതി നഗ്നനായാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിയെയാണ് പിടികൂടിയത്.

ലൈംഗിക അതിക്രമ ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശാവര്‍ക്കറായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് മോഷണ ശ്രമം നടന്നതായി കാണുന്നത്. വീടിന്റെ വാതില്‍ അടക്കം ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. പരിശോധിക്കാനായി വീടിനുളളില്‍ കയറുമ്പോഴാണ് നഗ്നനായ പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

സംഭവമിങ്ങനെ: 

മേഖലയിലെ ഒരു രോഗിയെ സന്ദർശിച്ച് സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തിയതായിരുന്നു ആശാ പ്രവർത്തക.ഈ സമയത്ത് വീടിന്റെ മുൻവാതിൽ ബലമായി ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോൾ കവർച്ചാശ്രമത്തിന്റെ ഭാഗമായി വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിൽ കാണപ്പെട്ടു.മോഷണശ്രമം നടന്നു എന്ന് മനസ്സിലാക്കി വസ്തുക്കൾ ഒതുക്കി സൂക്ഷിക്കുന്നതിനിടയിലാണ്, വീടിനുള്ളിൽ ഒളിച്ചിരുന്ന നഗ്നനായ പ്രതി പെട്ടെന്ന് ഇവരുടെ മുന്നിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ ഇയാൾ യുവതിയെ കായികമായി കീഴ്പ്പെടുത്തി ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. പ്രതിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പതറാതെ പ്രതിരോധം തീർത്ത ആശാ പ്രവർത്തക, ഇയാളുടെ പിടിയിൽ നിന്നും കുതറിയോടി ഉച്ചത്തിൽ നിലവിളിച്ചു. ശബ്ദം കേട്ട് അയൽവാസികളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories