Share this Article
News Malayalam 24x7
വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശം
vandanam medical college

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക (ശസ്ത്രക്രിയാ ഉപകരണം) കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയത്. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


2021 മെയ് 5-നാണ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷയെ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി ഇവർക്ക് കടുത്ത വയറുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. പലതവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മൂത്രത്തിൽ കല്ല് ആണെന്ന് പറഞ്ഞാണ് ഡോക്ടർമാർ മടക്കിയയച്ചിരുന്നത്. വേദന അസഹ്യമായതോടെ കഴിഞ്ഞ ദിവസം നടത്തിയ എക്സ്-റേ പരിശോധനയിലാണ് വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കുടുങ്ങി കിടക്കുന്നത് കണ്ടെത്തിയത്.


തുടർന്ന് അടിയന്തരമായി ഇവരെ കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സിടി സ്കാൻ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് അല്ലെങ്കിൽ നാളെയോടെ കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ നടത്തും.


സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്നും, ചികിത്സാ പിഴവ് വിദഗ്ധ സംഘം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ട് പോലീസിന് കൈമാറും. കുറ്റക്കാർക്കെതിരെ സർവീസ് ചട്ടപ്രകാരമുള്ള നടപടികൾക്ക് പുറമെ നിയമപരമായ എല്ലാ നടപടികളും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം, ആരോപണവിധേയയായ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർ ലളിതാംബിക കുറ്റാരോപണങ്ങൾ നിഷേധിച്ചു. ശസ്ത്രക്രിയ നടന്ന സമയത്ത് താൻ കോവിഡ് ഡ്യൂട്ടിയിലായിരുന്നുവെന്നും താനല്ല ഈ ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. ആശുപത്രി സിസ്റ്റത്തിന്റെ തകരാറാണ് വീഴ്ചയ്ക്ക് കാരണമെന്നും അവർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories