ആലപ്പുഴ തുറവൂരിൽ അമ്മയുടെ മൃതദേഹം മകൻ വീടിനുള്ളിൽ രഹസ്യമായി കുഴിച്ചുമൂടിയ സംഭവത്തിൽ ദുരൂഹതകൾ നീങ്ങി. മരിച്ച മാലാകോടം സ്വദേശിനി രാധയുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചതെന്നും ശരീരത്തിൽ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ പരിക്കുകളോ ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൃതദേഹം വീടിനുള്ളിൽ കുഴിച്ചുമൂടിയ സാഹചര്യത്തിൽ പൊലീസ് മകൻ ഗിരീഷിനെ കസ്റ്റഡിയിലെടുക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മരണകാരണം സ്വാഭാവികമാണെന്ന് വ്യക്തമായതോടെ ഗിരീഷിനെ പൊലീസ് വിട്ടയക്കും.
സംസ്കാര ചടങ്ങുകൾ നടത്താൻ കൈവശം പണമില്ലാത്തതിനാലാണ് മരണം വിവരം ആരെയും അറിയിക്കാതിരുന്നതെന്ന് ഗിരീഷ് പൊലീസിന് മൊഴി നൽകി. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പുറത്ത് കുഴിയെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനാലാണ് അടുക്കളയിൽ തന്നെ കുഴിച്ചുമൂടിയതെന്ന് ഇയാൾ വിശദീകരിച്ചു. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. മരണം നടന്ന് ദിവസങ്ങൾക്ക് ശേഷം ഗിരീഷ് തന്നെയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പണമില്ലാത്തതിനാലാണ് മകൻ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വ്യക്തമായതോടെ നാട്ടുകാരും ആശ്വാസത്തിലാണ്.