നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ പുരയിടത്തിൽ പൊലീസ് ഇന്നും പരിശോധന നടത്തി. സജിയുടെ പിതാവ് മാത്യുവിന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ സജിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നിർണ്ണായകമായ തെളിവുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സജിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പുരയിടത്തിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തത്. അമ്മയെയും സഹോദരനെയും കുഴിച്ചുമൂടിയ സ്ഥലത്തിന് സമീപത്തു നിന്നുതന്നെയാണ് അസ്ഥിക്കഷ്ണങ്ങളും വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ഇത് പിതാവ് മാത്യുവിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ നടത്തും.
പാസ്റ്ററായിരുന്ന മാത്യുവിനെ 2018 മാർച്ച് മൂന്നിനാണ് കാണാതാകുന്നത്. അന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ സജിയുടെ സഹോദരിയുടെ പരാതിയിൽ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നതിനിടെയാണ് പിതാവിന്റെ കാണാതാകലും സജി തന്നെ നടത്തിയ കൊലപാതകമാണെന്ന സംശയം ഉയർന്നത്. പുതിയ തെളിവുകൾ ലഭിച്ചതോടെ സജിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് പൊലീസ് നീക്കം.