Share this Article
News Malayalam 24x7
ഹരിപ്പാട് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് അമ്മയുടെ മൊഴി
Mother Claims Lack of Awareness of Pregnancy

താലൂക്ക് ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ വെന്റിലേറ്റർ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയുടെ നിർണായക മൊഴി പുറത്ത്. താൻ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. നിലവിൽ തനിക്ക് കുഞ്ഞിനെ ആവശ്യമില്ലെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (CWC) അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്തുവരികയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് കടുത്ത വയറുവേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടന്ന് അത്യാഹിത വിഭാഗത്തിലെ ശുചിമുറിയിൽ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ വെന്റിലേറ്റർ വിൻഡോയിലൂടെ പുറത്തെ കാടുകയറിയ ഭാഗത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പിന്നീട് ശുചിമുറിയിൽ രക്തം കണ്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.


യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories