അടൂർ കോട്ടമുകൾ സ്വദേശിനി ഷഹാനയുടെ മരണത്തിൽ ആൺസുഹൃത്തായ ഏഴംകുളം സ്വദേശി അരുൺ കുമാറിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം , ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഷഹാനയെ മർദ്ദിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ താൽക്കാലിക ഡ്രൈവറാണ് അരുൺ.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടമുകൾ മിനി കനാൽ ജംഗ്ഷനിലെ വീടിനുള്ളിൽ ഷഹാനയെ ഗോവണിയുടെ കൈവരിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെക്കാലമായി ഭർത്താവുമായി അകന്നുകഴിയുന്ന ഷഹാന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇവരുടെ മകൻ ട്യൂഷന് പോയ സമയത്തായിരുന്നു സംഭവം.
സംഭവദിവസം അരുണിന്റെ മൊബൈൽ ഫോണിലുള്ള ചില ചിത്രങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും താൻ ഷഹാനയുടെ കരണത്തടിക്കുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്തതായി അരുൺ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ഷഹാന മുറിയിൽ നിന്നും പുറത്തേക്ക് പോയി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ മൊഴി.
അരുണിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത ശാരീരിക-മാനസിക പ്രകോപനമാണ് ഷഹാനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവമറിഞ്ഞ് അയൽവാസികൾ എത്തുമ്പോൾ ഷഹാനയുടെ മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. തൂങ്ങിമരണത്തിനിടെ കഴുത്തിലെ ഞരമ്പുകൾ പൊട്ടിയതിനെത്തുടർന്നാണ് മൂക്കിലൂടെ രക്തം വന്നതെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ മൃതദേഹ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഷഹാന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അരുൺ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അയൽവാസികൾ എത്തുമ്പോൾ അരുണിന്റെ കൈയിലും ഷഹാനയുടെ ശരീരത്തിലും രക്തക്കറകൾ ഉണ്ടായിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. എന്നാൽ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ തൂങ്ങിമരണമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അടൂർ ഡിവൈ.എസ്.പി വി.എസ്. പ്രദീപ്കുമാർ, സി.ഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ മേൽനടപടികൾ സ്വീകരിക്കുന്നത്.