പയ്യന്നൂരിൽ ചികിത്സയ്ക്കിടെ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് അന്വേഷിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാംശ് ശൗര്യ (18 മാസം) മരിച്ച സംഭവത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയത്. കണ്ണൂർ ഡി.എം.ഒയുടെ (District Medical Officer) നിർദ്ദേശപ്രകാരം രൂപീകരിച്ച ഏഴംഗ വിദഗ്ധ മെഡിക്കൽ ബോർഡിന്റെ നിർണായക യോഗം ഇന്ന് വൈകിട്ട് ഡി.എം.ഒ ഓഫീസിൽ ചേരും.
അനസ്തേഷ്യ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരും ഗവൺമെന്റ് പ്ലീഡറും ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്. കുഞ്ഞിന് നൽകിയ മരുന്നുകൾ, സ്വീകരിച്ച ചികിത്സാ നടപടികൾ, ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ എന്നിവയെല്ലാം മെഡിക്കൽ ബോർഡ് വിശദമായി പരിശോധിക്കും.
കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കും താഴെ ഉണ്ടായ ചെറിയ മുറിവ് തുന്നിക്കെട്ടുന്നതിനാണ് കുട്ടിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഒരു സെന്റിമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള ചെറിയ മുറിവ് തുന്നാൻ ജനറൽ അനസ്തേഷ്യ നൽകേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് കുട്ടിയുടെ ആരോഗ്യനില മോശമായപ്പോൾ നൽകേണ്ടിയിരുന്ന അനുബന്ധ ചികിത്സകളിൽ ഗുരുതരമായ കാലതാമസം ഉണ്ടായതായും സൂചനയുണ്ട്. ഇതാണ് തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജനും തടസ്സപ്പെടുന്നതിലേക്ക് നയിച്ചതെന്നും മസ്തിഷ്കമരണം സംഭവിക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അനസ്തറ്റിസ്റ്റ് ഡോ. അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 125-ാം വകുപ്പ് (ജീവൻ അപായപ്പെടുത്തുന്ന രീതിയിലുള്ള അനാസ്ഥ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ അനസ്തേഷ്യ നൽകിയ ഡോക്ടറെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യൻ ഡോ. ആശ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴി പൊലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.എം.ഒയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർനടപടികൾ. എട്ട് വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ജനിച്ച മകന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ ആളുകൾക്കെതിരെയും കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.