Share this Article
News Malayalam 24x7
മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥിക്ക് പരിക്ക്
Stray Dog Attack in Munnar

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് ഏറ്റവും ഒടുവിൽ നായയുടെ കടിയേറ്റത്. മൂന്നാർ ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിക്കാണ് ടൗണിലെ ആരോ ജംഗ്ഷനിൽ വെച്ച് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥി ചികിത്സ തേടി.

സ്കൂൾ പരിസരത്തും ടൗണിലും തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ജയലക്ഷ്മി പറഞ്ഞു. സ്കൂളിന്റെ മുറ്റത്തും വരാന്തകളിലും റോഡരികിലുമെല്ലാം നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന വിദ്യാലയമായതിനാൽ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്.


കഴിഞ്ഞ കുറച്ചു കാലങ്ങളായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ എണ്ണം വർധിച്ചുവരികയാണ്. മുൻപും വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇവിടെ നായയുടെ കടിയേറ്റിട്ടുണ്ട്. രാത്രികാലങ്ങളിൽ നായ്ക്കൾ കൂടുതൽ അക്രമാസക്തരാകുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നായകളെ ഭയന്ന് രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

വിദേശ വിനോദസഞ്ചാരികൾ അടക്കം എത്തുന്ന അന്താരാഷ്ട്ര പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മൂന്നാറിലെ തെരുവുനായ പ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാണ് ഉയരുന്ന ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories