Share this Article
News Malayalam 24x7
വേനൽ കനത്തു; മൂന്നാറിലും പരിസരത്തും വന്യജീവി ശല്യം വര്‍ധിക്കുന്നു
Human-Wildlife Conflict Rises in Munnar Amid Scorching Summer; Local Residents Alarmed

വേനൽ കടുത്തതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവി ശല്യം വർദ്ധിക്കുന്നു. വനത്തിനുള്ളിൽ തീറ്റയും വെള്ളവും കുറഞ്ഞതോടെ കാട്ടാനകളും കാട്ടുപോത്തുകളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൂട്ടമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയാണ്. വന്യജീവി ആക്രമണത്തിൽ ഇതിനോടകം തന്നെ മൂന്നാർ മേഖലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മൂന്നാറിലെ തോട്ടം മേഖലയിലാണ് കാട്ടാന ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്. പടയപ്പയും ഒറ്റക്കൊമ്പനും ഉൾപ്പെടെയുള്ള കാട്ടാനകൾ പകൽ സമയത്തുപോലും തോട്ടങ്ങളിലൂടെയും ജനവാസ മേഖലകളിലൂടെയും വിഹരിക്കുന്നത് ആളുകളിൽ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം മറയൂർ ടൗണിലിറങ്ങിയ കാട്ടുപോത്ത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.


മൂന്നാർ - ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇത് വാഹനയാത്രികർക്കും വലിയ വെല്ലുവിളിയാണ്. കാർഷിക മേഖലയിലും വന്യമൃഗങ്ങൾ കനത്ത നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. കാട്ടാനയ്ക്കും കാട്ടുപന്നിക്കും പുറമെ കുരങ്ങുശല്യവും കർഷകർക്ക് തലവേദനയാകുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കുന്നതോടെ വന്യജീവി ശല്യം കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വനംവകുപ്പിന്റെ ഭാഗത്തുനിന്നും കൂടുതൽ സുരക്ഷാ നടപടികൾ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories