കൊച്ചി: തടിയന്റമോള്‍ മലയില്‍ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശിയും എറണാകുളത്ത് ജോലിക്കാരിയുമായ ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍. ശരണ്യ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സംശയങ്ങളുണ്ടെന്നും അതിജീവിക്കാന്‍ ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേതെന്നും ഹസന്‍ ഖാന്‍ പറഞ്ഞു.പാങ്ങോട്ട് പക്ഷി സങ്കേതത്തില്‍ വഴി തെറ്റി നാലു മണിക്കൂര്‍ പെട്ടുപോയതാണെന്നും അന്നുണ്ടായ പരിഭ്രാന്തി തനിക്ക് അറിയാമെന്നുമാണ് ഹസന്‍ ഖാന്‍ പറയുന്നത്. രാത്രിയാകുമ്പോള്‍ കാടിന്റെ ഭാവം മാറും. ഭീകരതയാണ്. എത്ര പേടിയില്ലെന്ന് പറഞ്ഞാലും കാട്ടില്‍ ജീവിക്കുക ഭീകരമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശബ്ദം വച്ചോ നേരത്തെ പോയ വഴി കണ്ടുപിടിച്ചോ അടുത്ത ദിവസം എങ്ങനെയെങ്കിലും ആളുള്ള സ്ഥലത്തെത്താന്‍ ശ്രമിക്കും. പക്ഷേ ശരണ്യയുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്ന് ഹസന്‍ ഖാന്‍ പറഞ്ഞു.
കാലുവേദനയായതിനാല്‍ അവിടെ വിശ്രമിച്ചു എന്നാണ് ശരണ്യ പറയുന്നത്. ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്. ഡ്രോണ്‍ നോക്കി രണ്ടാം ദിവസവും അവിടെ താമസിച്ചു. മൂന്നാം ദിവസം പോകാന്‍ ശ്രമിച്ചപ്പോള്‍ മഴ പെയ്തു. അതിജീവിക്കാന്‍ ശ്രമിക്കുന്നൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടെത്. പറയുന്നതിനെ ബന്ധപ്പെടുത്താന്‍ സാധിക്കാത്ത എന്തൊക്കെയോ കാര്യങ്ങളുണ്ട്. കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാകരുതെന്നും ഷെയ്ക് ഹസന്‍ ഖാന്‍ പറഞ്ഞു. കാട്ടില്‍ മൂന്നു ദിവസം ഈസിയാണെന്ന് പലരും കരുതിയത്. ഭക്ഷണമില്ലാതെ മൂന്നു ദിവസം കാട്ടില്‍ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും ശരണ്യയുടെ മുഖത്തില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.ശരണ്യയുടെ യാത്രയില്‍ ശാസ്ത്രലേഖകന്‍ വിജയകുമാര്‍ ബ്ലാത്തൂരും സംശയം പ്രകടിപ്പിച്ചിരുന്നു. നേരത്തെ തടിയന്റമോള്‍ പീക്ക് സന്ദര്‍ശിച്ച ചിത്രം സഹിതമാണ് വിജയകുമാര്‍ സംശയങ്ങളുന്നയിക്കുന്നത്. അവിടെ വഴി തെറ്റാനുള്ള കാരണം എന്തെന്ന് ഇപ്പോഴും മനസിലായില്ല. എങ്കിലും ഇത്രയും മൃഗങ്ങള്‍ ഉള്ള ഇടത്ത് നാലു ദിവസം കാട്ടില്‍ അവര്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.