Share this Article
News Malayalam 24x7
വേനലവധി ആഘോഷിക്കാൻ തയ്യാറെടുത്ത് മൂന്നാർ
Munnar Tourism

പരീക്ഷാക്കാലത്തെ തുടർന്നുണ്ടായ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാർ വീണ്ടും വിനോദസഞ്ചാരികളുടെ തിരക്കിലേക്ക്. മധ്യവേനലവധി ആരംഭിച്ചതോടെ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം സഞ്ചാരികളാണ് മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിനോദസഞ്ചാര മേഖലയിൽ കടുത്ത മാന്ദ്യമാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഏപ്രിൽ പകുതിയോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് ശേഷം, സഞ്ചാരികളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്.


മൂന്നാറിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, ഹൈഡൽ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരയാടുകളുടെ പ്രജനനകാലവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരുന്ന രാജമല സന്ദർശകർക്കായി തുറന്നുകൊടുത്തു. തുറന്ന ആദ്യ ദിവസം തന്നെ 1,227 പേരാണ് രാജമല സന്ദർശിക്കാനെത്തിയത്.


സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും ടൂറിസം മേഖല ചില പ്രതിസന്ധികളും നേരിടുന്നുണ്ട്. മൂന്നാറിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്യുന്നവരിലധികവും തമിഴ്‌നാട്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ട് രേഖപ്പെടുത്താനായി ഭൂരിഭാഗം തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനുപുറമെ പാചകവാതകത്തിന്റെ ക്ഷാമവും ഹോട്ടൽ ഉടമകൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും അവധിക്കാലം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories