പാലക്കാട് വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയെന്ന ആരോപണം തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. തന്നെ വേട്ടായാടാനുള്ള ശ്രമമാണിതെന്നും കണ്ണാടിയില്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പണം കൊടുത്ത സ്ത്രീയെ തനിക്ക് അറിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പണം കൊടുത്ത സ്ത്രീ തന്‍റെ കാറില്‍ കയറിയിട്ടില്ലെന്നും കോണ്‍ഗ്രസുകാര്‍ ഇറക്കിയ സ്ത്രീയാണ് അതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
വോട്ടിന് പണം കൊടുക്കുന്ന ആളായി തന്നെ ചിത്രീകരിക്കുകയാണെന്നും താന്‍ പണം വാങ്ങുന്നതായി ഇന്നലെ കലക്ടര്‍ക്ക് പരാതി ലഭിച്ചുവെന്നും ഇതിന് ശേഷമാണ് കോണ്‍ഗ്രസുകാര്‍ പിന്തുടര്‍ന്നതെന്നും അവര്‍ ആരോപിച്ചു. കാറിലിരുന്നയാള്‍ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചുവെന്നും ഇത് ചോദ്യം ചെയ്യാനാണ് കാറിനടുത്ത് പോയതെന്നും ശോഭാ സുരേന്ദ്രന്‍ അവകാശപ്പെട്ടു. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയ്യാറാക്കി തന്നെ വേട്ടയാടുകയാണെന്നും ഈ ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ക്കെതിരെ പൊലീസിലും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
ശോഭ സുരേന്ദ്രന്‍റെ വാക്കുകള്‍ ഇങ്ങനെ: 'എന്നെ വേട്ടയാടാന്‍ നിങ്ങള്‍ പരിശ്രമിച്ചതിന്‍റെ വാര്‍ത്ത കണ്ടു. പാലക്കാട്ടെ വോട്ടര്‍മാരെ മുഴുവന്‍ മാധ്യമങ്ങള്‍ അപമാനിച്ചു.പാലക്കാട്ടെ വോട്ടര്‍മാര്‍ പണം വാങ്ങി വോട്ടു ചെയ്യുന്നവരാണ് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ ആ വാര്‍ത്ത സംപ്രേഷണം ചെയ്തത്. ഒരു മണിക്കൂറിലേറെ കാര്‍ എന്നെ പിന്തുടര്‍ന്നു. ആ കാറിനുള്ളില്‍ രണ്ട് ചെറുപ്പക്കാര്‍ ബാക്കിലിരിക്കുകയാണ്. ഒരു സ്ത്രീ മുഖം മറച്ച് ഫ്രണ്ടിലുണ്ടായിരുന്നു. അങ്ങനെ യാത്ര ചെയ്ത് ഓരോ സ്റ്റോപിലും ഞാനിറങ്ങുമ്പോള്‍ ആ കാര്‍ എന്‍റെ പിന്നില്‍ നിന്നു. എന്തിനാണ് ആ കാര്‍ ശോഭാ സുരേന്ദ്രനെ പിന്തുടര്‍ന്നത്? ആ കാറിന്‍റെ ഫോട്ടോയും നമ്പറും എന്‍റെ കയ്യിലുണ്ട്. ഇന്നലെ തന്നെ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് എനിക്കെതിരെ പരാതി ലഭിച്ചു. ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പൈസ കൊടുക്കുന്നതായിട്ടാണ് പരാതി. ആദ്യം പരാതി തയാറാക്കി, അത് കലക്ടര്‍ക്ക് കൊടുത്തു. ഫ്ലൈയിങ് സ്ക്വാഡിനെ റെഡിയാക്കി, കഥ തയാറാക്കി. ഇതെല്ലാം ചെയ്ത ശേഷമാണ് കാറിലെ ചെറുപ്പക്കാര്‍ പിന്തുടര്‍ന്നത്. ഒരാള്‍ കഥയുണ്ടാക്കുന്നു. തിരക്കഥ മറ്റൊരാള്‍ തയാറാക്കുന്നു. അത് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. എന്താണ് എന്‍റെ ഭാഗം എന്ന് കേള്‍ക്കാന്‍ ആരും തയാറായില്ല. എന്നെ വ്യക്തിപരമായി വേട്ടയാടുന്നു. ആ വീട്ടിലെ അമ്മയെ സമ്മര്‍ദത്തിലാക്കിയിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊണ്ടി കിട്ടിയോ? ആ അമ്മ പണം ആരെങ്കിലും തന്നുവെന്ന് പറഞ്ഞോ? ആ കഥയും പൊളിഞ്ഞില്ലേ? അമ്മയുടെ പ്രായമുള്ള എന്നെ നോക്കി 23 വയസുള്ള കുട്ടി , സെക്ഷ്വലി ഹറാസ്മെന്‍റ് ചെയ്യുന്ന ഒരാക്ഷന്‍ മൂന്ന് തവണ കാണിച്ചാല്‍ ഞാന്‍ കാര്‍ നിര്‍ത്തി അവന്‍റെ അടുത്തേക്ക് ചെല്ലേണ്ട എന്നാണോ പറയുന്നത്? ഇന്നലെ രാത്രി ചന്ദ്രനഗറില്‍ നീ വന്നതെന്തിനാണെന്ന് ഞാന്‍ അവനോട് ചോദിക്കുന്നത് എന്‍റെ വിഡിയോയില്‍ നിങ്ങള്‍ക്ക് കാണാം. വിനേഷ് സര്‍ഗ എന്നാണ് അവന്റെ പേര്. പൊലീസ് കേസുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ യുവാവാണ്. കാറില്‍ രണ്ട് ഗുണ്ടകളെയും കയറ്റി സ്വന്തം അമ്മയ്ക്ക് തുല്യമായി കാണേണ്ട സ്ത്രീയെ മോശമായി നോക്കിയത് കൊണ്ടാണ് ചോദിക്കാന്‍ ചെയ്തത്. വൃത്തികെട്ട രീതിയിലാണ് അധിക്ഷേപമുണ്ടായത്. പണം കൊടുക്കാന്‍ വന്ന സ്ത്രീ കോണ്‍ഗ്രസ് വിട്ട സ്ത്രീയാണ്. എന്‍റെ കൂടെ കാറില്‍ ആ സ്ത്രീ ഇല്ല. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയാണ് എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കാറിലുണ്ടായിരുന്നവര്‍ക്കെതിരെ പൊലീസിലും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.