Share this Article
News Malayalam 24x7
മട്ടന്നൂരിൽ ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന 70കാരൻ മരിച്ചു; 350ലധികം പേർ ചികിത്സയിൽ
വെബ് ടീം
9 hours 46 Minutes Ago
1 min read
FOOD POISON

കണ്ണൂർ: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിനടുത്തെ കാരയില്‍ ക്ഷേത്രോത്സവത്തിനിടെ പ്രസാദസദ്യ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കാര പേരാവൂരിലെ പൂവത്തുംകണ്ടി വിജയനാ(70)ണ് മരിച്ചത്. കണ്ണൂരിലെ എ.കെ ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.കാര പുതിയേടത്ത് മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് പ്രസാദസദ്യ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് റിപ്പോർട്ട്.

300ലധികം പേരാണ് കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തില്‍ ആറിന് സദ്യ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.സദ്യയിലെ പച്ചടിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വയറിളക്കം, പനി, തലവേദന എന്നിവയാണ് ഭക്ഷണം കഴിച്ചവരെ ബാധിച്ചത്. ഏഴിന് ഉച്ച മുതലാണ് ആളുകള്‍ വ്യാപകമായി ആശുപത്രികളില്‍ ചികിത്സ തേടി എത്തിത്തുടങ്ങിയത്.

നിരവധി പേര്‍ ഇപ്പോഴും കണ്ണൂരിലെയും മട്ടന്നൂരിലെയും ആശുപത്രികളില്‍ ചികിത്സയിലുണ്ട്.ശാന്തയാണ് മരിച്ച വിജയന്റെ ഭാര്യ,സഹോദരങ്ങള്‍ : പൂവത്തുംകണ്ടി കൗസു,കൃഷ്ണന്‍,സഹജന്‍.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ട് ഏഴോടെ പൊറോറ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories