Share this Article
News Malayalam 24x7
യു വി ഇൻഡക്സ് റേറ്റ് എട്ടിൽ എത്തി; നേരിട്ട് വെയിൽ കൊള്ളരുത്
Munnar Heatwave Alert

മഞ്ഞും തണുപ്പും നിറഞ്ഞ മൂന്നാറിൽ ചരിത്രത്തിലില്ലാത്ത വിധം പകൽ ചൂട് വർദ്ധിക്കുന്നു. അൾട്രാവയലറ്റ് രശ്മികളുടെ അളവ് സൂചിപ്പിക്കുന്ന യുവി (UV) ഇൻഡക്സ് മൂന്നാറിൽ എട്ടിൽ എത്തിയതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശം നൽകി. യുവി ഇൻഡക്സ് എട്ടിലെത്തുന്നത് അപകടകരമായ സാഹചര്യമാണെന്നും നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പകൽ സമയത്ത് വെയിലത്തിറങ്ങുന്നവർ കുട ഉപയോഗിക്കണമെന്നും തലയും ശരീരവും പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദ്ദേശമുണ്ട്. കടുത്ത ചൂട് പരിഗണിച്ച് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കരുതെന്ന് തോട്ടം മാനേജ്‌മെന്റുകൾക്ക് കളക്ടർ കർശന നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതിനാവശ്യമായ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്.


മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ മുൻകരുതൽ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും നിർദ്ദേശം നൽകി. അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി ഈ മാസം 29-ഓടെ ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയോര മേഖലയിൽ ചൂട് അസഹനീയമായി തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories