Share this Article
News Malayalam 24x7
മൂന്നാറിലേക്കു പ്രവേശിക്കാൻ ഇനി ഫീസ്; ഓഗസ്റ്റോടെ പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യം
Munnar Entry Fee

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ വർദ്ധിച്ചു വരുന്ന മാലിന്യ പ്രശ്നങ്ങൾക്കും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് മൂന്നാർ പഞ്ചായത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി മൂന്നാറിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാനും ഹരിത ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

ദേവികുളം സിഗ്നൽ പോയിന്റ്, പള്ളിവാസൽ ഹെഡ് വർക്ക്സ് ഡാം പരിസരം, മറയൂർ എന്നിവിടങ്ങളിലായി മൂന്ന് ഹരിത ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മൂന്നാറിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ബോധവൽക്കരണം നൽകുന്നതിനൊപ്പം അവർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തിരികെ കൊണ്ടുപോകുന്നതിനായി പ്രത്യേക സഞ്ചികൾ ഇവിടെ നൽകും. ഈ മാലിന്യങ്ങൾ പിന്നീട് പ്രീ-പെയ്ഡ് കൗണ്ടറുകളിൽ ഏൽപ്പിക്കാൻ സാധിക്കും.


സീസൺ സമയങ്ങളിൽ മൂന്നാറിൽ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൻകിട ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മാട്ടുപ്പെട്ടി, ലക്ഷ്മി, മറയൂർ റൂട്ടുകളിൽ ഇത്തരം ബസുകൾ ഒഴിവാക്കി പകരം സഞ്ചാരികളെ കൊണ്ടുപോകാൻ പ്രാദേശിക ജീപ്പുകളും ഓട്ടോറിക്ഷകളും ഉപയോഗപ്പെടുത്തുന്നത് പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം പ്രാദേശിക തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, എൻ.എച്ച്, പി.ഡബ്ല്യു.ഡി തുടങ്ങിയ വകുപ്പുകൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമേ ഫീസ് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ പഠിക്കുന്നതിനായി ജില്ലാ കളക്ടറുടെ സഹായവും തേടും. വരാനിരിക്കുന്ന ഓണം അവധിക്കാലത്തിന് മുൻപായി ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠേനയാണ് ഈ തീരുമാനങ്ങൾ എടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories