കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലും തലസ്ഥാനത്തെ വീട്ടിലും മുൻമന്ത്രിയും എംഎൽഎയും പിണറായി വിജയൻ്റെ മരുമകനുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിലും ഉൾപ്പെടെ നടന്ന ഇഡി റെയ്ഡ് പൂർത്തിയായി. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ചും വാഹനം തടഞ്ഞും വാഹനത്തിന്റെ മുകളിൽ കയറിയും സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുന്ന നിലയും ഉണ്ടായിരുന്നു.
യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്.
ഇന്നലെ രാവിലെ 10.20ഓടെ ഇ.ഡി അന്വേഷണത്തിനെതിരെയുള്ള ഹർജി തള്ളിക്കൊണ്ടുള്ള വിധി ജസ്റ്റിസ് ടി.ആര്‍.രവി പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെ, മേൽക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും ആവശ്യത്തെ ഇ.ഡി ശക്തമായി എതിർക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെങ്കിൽ തന്നെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം വെള്ളിയാഴ്ച മാത്രമേ സാധിക്കൂ. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.