കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നെയ്യാട്ടത്തോടെ തുടക്കമാകും. 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ചടങ്ങുകൾക്കാണ് ഇന്ന് തുടക്കമാകുന്നത്. ജൂൺ 24-ന് നടക്കുന്ന തൃക്കലാശാട്ടോടെയാണ് ഇത്തവണത്തെ വൈശാഖ മഹോത്സവം സമാപിക്കുക.
ഇക്കരെ കൊട്ടിയൂർ, അക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണ് കൊട്ടിയൂരിലുള്ളത്. ഇതിൽ പ്രധാന ആരാധനാ ചടങ്ങുകളെല്ലാം നടക്കുന്നത് അക്കരെ കൊട്ടിയൂരിലാണ്. വർഷത്തിൽ വൈശാഖ മഹോത്സവം നടക്കുന്ന ഈ 28 ദിവസങ്ങൾ മാത്രമാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകളും ഭക്തർക്ക് പ്രവേശനവും ഉണ്ടാകാറുള്ളത്. പുരാണ പ്രസിദ്ധമായ ദക്ഷയാഗ ഭൂമിയായാണ് കൊട്ടിയൂർ വിശ്വസിക്കപ്പെടുന്നത്.
മെയ് 30-ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത് ചടങ്ങിന് ശേഷമായിരിക്കും ക്ഷേത്രത്തിലേക്ക് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുക. ജൂൺ 20-ന് മകം നാളിലെ ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് വൈശാഖ മഹോത്സവ ചടങ്ങുകളിൽ പങ്കാളികളാകാനും ദർശനം നടത്താനും അവസരമുണ്ടായിരിക്കുക. ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.