Share this Article
News Malayalam 24x7
രക്തക്കറകളോടെ കണ്ടെത്തിയ കാറിന്‍റെ ഉടമ സ്റ്റേഷനിലെത്തി, കാർ മോഷ്ടാക്കൾ തട്ടിയെടുത്തെന്ന് മൊഴി, അന്വേഷണം തുടങ്ങി പൊലീസ്
വെബ് ടീം
posted on 02-06-2026
1 min read
JALEENDHAR SINGH

കണ്ണൂരിലെ പിലാത്തറയിൽ രക്തക്കറയുമായി കണ്ടെത്തിയ കാറിന്റെ ഉടമ പൊലീസ് സ്റ്റേഷനിലെത്തി.ഇതോടെ ദുരൂഹതയുടെ ആദ്യഭാഗത്തിനു അല്പം ഉത്തരമായി. മഹാരാഷ്ട്ര സ്വദേശി കുമാർ ജലിന്ദർ നിഗവും കുടുംബവുമാണ് പരാതിയുമായി എത്തിയത്. മോഷ്ടാക്കൾ കാർ തട്ടിയെടുത്തെന്നാണ് മൊഴി. കുടുംബത്തിന്‍റെ പരാതിയിൽ പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.

രാവിലെ ആറു മണിയോടെ പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഗ്രാൻഡ് വിറ്റാര കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ അങ്ങിങ്ങായി രക്തക്കറയുണ്ടായിരുന്നു. ചില്ലുകൾ തകർന്നിരുന്നു. പുറത്ത് തുറന്ന പെട്ടികളും വലിച്ചു വാരിയിട്ട വസ്ത്രങ്ങളും കണ്ടെത്തി. പിന്നാലെ പരിയാരം പൊലീസ് സ്ഥലത്ത് എത്തി. അക്രമികളെ കുറിച്ചോ കാറിൽ ഉണ്ടായിരുന്നവരെ കുറിച്ചോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല.

എന്നാൽ മണിക്കൂറുകൾക്കകം തലശ്ശേരിയിൽ നിന്ന് നിർണായക വിവരം എത്തി. സ്വർണ വ്യാപാരിയായ അശോക് യശ്വന്തിന്റെതാണ് കാർ. കാറിൽ ഉണ്ടായിരുന്നത് സുഹൃത്തും സ്വർണ വ്യാപാരിയുമായ കുമാർ ജലിന്തർ സിങും കുടുംബവും. തലശ്ശേരി എസിപിയുടെ നേതൃത്വത്തിൽ വിവരം ചോദിച്ചറിഞ്ഞു. ശേഷം ആക്രമിക്കപ്പെട്ട കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി.

രാവിലെ നാലിനും അഞ്ചിനും ഇടയിൽ പയ്യന്നൂർ എടാട്ട് വച്ചാണ് സംഭവം. രണ്ടു കാറുകളിൽ പിന്തുടർന്നെത്തിയ സംഘം ദേശീയ പാതയുടെ സർവീസ് റോഡിൽ വച്ച് കാർ തടഞ്ഞു. മുൻ സീറ്റിൽ കുഞ്ഞിനെ മടിയിൽ വച്ചിരിക്കുകയായിരുന്നു കുമാറിനെ പിടിച്ചിറക്കി, ഡ്രൈവർ സച്ചിനെയും ആക്രമിച്ചു. കാറുമായി മുന്നോട്ടു നീങ്ങിയ ആക്രമികൾ പിൻസീറ്റിൽ ഉണ്ടായിരുന്ന കുമാറിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും ഇറക്കി വിട്ടു. നടന്നും ഓട്ടോ പിടിച്ചും ഇവർ പയ്യന്നൂർ ബസ് സ്റ്റാൻഡിൽ എത്തി. തലശ്ശേരിയിലേക്ക് ബസ്സ് കയറി. ഇതിനിടെ കാറുമായി പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിലെത്തിയ ആക്രമിസംഘം കാർ തകർത്തു. കാർ ഉപേക്ഷിച്ചു മടങ്ങി.25 ഗ്രാം സ്വർണം മാത്രം നഷ്ടമായെന്നാണ് കുമാർ ജലിന്തർ സിങിന്‍റെ പരാതി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പെരിന്തൽമണ്ണയിൽ സ്വർണ്ണക്കട നടത്തുന്ന കുമാർ ജലിന്ദർ നിഗത്തിന്റെയും കാർ ഉടമയായ അശോക് യസ്വന്തിന്റെയും സ്വർണ്ണ വ്യാപാരത്തെക്കുറിച്ച് അറിയുന്നവരാകാം അക്രമികൾ എന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories