പയ്യന്നൂരിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരണപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. കുട്ടിയെ ചികിത്സിച്ച പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. വിദഗ്ദ്ധ സമിതിയുടെ ഈ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ സംഘത്തിന് കൈമാറും. റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ച ശേഷം മാത്രമായിരിക്കും പൊലീസ് തുടർനടപടികളിലേക്ക് കടക്കുക.
കളിക്കുന്നതിനിടയിൽ വീണ് ചുണ്ടിൽ ചെറിയ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 5-നാണ് മാതമംഗലം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ടിലെ നേരിയ മുറിവ് തുന്നിക്കെട്ടുന്നതിനായി ഡോക്ടർമാർ കുട്ടിയെ ജനറൽ അനസ്തേഷ്യയ്ക്ക് വിധേയനാക്കുകയായിരുന്നു.
എന്നാൽ, കുട്ടിയുടെ മുഖത്തുണ്ടായ മുറിവ് വളരെ ചെറുതായിരുന്നുവെന്നും അതിന് അനസ്തേഷ്യ നൽകേണ്ട യാതൊരു അടിയന്തര സാഹചര്യവും ഉണ്ടായിരുന്നില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അനസ്തേഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതാണ് (ഹൈപ്പോക്സിക് ഇസ്കെമിക് എൻസഫലോപ്പതി) മരണത്തിന് കാരണമായ ഗുരുതരാവസ്ഥയിലേക്ക് നയിച്ചത്. അനസ്തേഷ്യയ്ക്ക് പിന്നാലെ ബോധരഹിതനായ കുട്ടി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
കേസിലെ പ്രധാന പ്രതിയും അനസ്തേഷ്യ നൽകിയ ഡോക്ടറുമായ അഞ്ജലി പൊതുവാളിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 125-ാം വകുപ്പ് പ്രകാരം പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഡോക്ടർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന തിങ്കളാഴ്ച തലശ്ശേരി ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
സംഭവവുമായി ബന്ധപ്പെട്ട് പീഡിയാട്രീഷ്യൻ ഡോ. ആശാ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരും പോലീസിന്റെയും മെഡിക്കൽ ബോർഡിന്റെയും അന്വേഷണ പരിധിയിലുണ്ട്. ഇവർ രണ്ട് പേരും തങ്ങളുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്ന് പൊലീസിനോട് അവകാശപ്പെട്ടിട്ടുണ്ട്. അതിനിടെ, ഈ ദാരുണമായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.