Share this Article
News Malayalam 24x7
ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ കത്രിക; ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു
Woman Admitted to Amrita Hospital Kochi After Scissors Found in Abdomen

വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തൽ. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയത്. കടുത്ത വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ എക്സ്-റേ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.


2021 മെയ് 5-നാണ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷയെ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി ഉഷയ്ക്ക് കടുത്ത വയറുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. പലതവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മൂത്രത്തിൽ കല്ല് ആണെന്ന് പറഞ്ഞാണ് ഡോക്ടർമാർ മടക്കിയയച്ചിരുന്നത്. മൂത്രമൊഴിക്കുമ്പോൾ രക്തം പോകുന്ന അവസ്ഥ വരെയുണ്ടായി. വേദന സഹിക്കാൻ കഴിയാതെ വന്നതോടെ നടത്തിയ എക്സ്-റേ പരിശോധനയിലാണ് വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കുടുങ്ങി കിടക്കുന്നത് കണ്ടെത്തിയത്.


സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉഷയും കുടുംബവും രംഗത്തെത്തി. എക്സ്-റേയിൽ കത്രിക കണ്ടെത്തിയ വിവരം ആരോടും പറയരുതെന്നും, തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നും അധികൃതർ പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. എന്നാൽ ഇനി വണ്ടാനം മെഡിക്കൽ കോളേജിൽ തുടർചികിത്സ തേടാൻ തയ്യാറല്ലെന്ന് ഉഷ വ്യക്തമാക്കി.


വിവരം പുറത്തറിഞ്ഞതിന് പിന്നാലെ കെ.സി വേണുഗോപാൽ എംപി ഉഷയുമായി ഫോണിൽ സംസാരിക്കുകയും അദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രിയോടെ ആംബുലൻസിൽ ഉഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നിലവിൽ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഇവരെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷം ഇന്നോ നാളെയോ കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ നടത്തും.


തനിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണ് ഉഷയുടെ ആവശ്യം. ഡോക്ടർമാർക്കും മെഡിക്കൽ കോളേജ് അധികൃതർക്കും എതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിനും വയനാട്ടിൽ സമാനമായ രീതിയിൽ ചികിത്സാ പിഴവ് ഉണ്ടായതിനും പിന്നാലെ വീണ്ടും സംസ്ഥാനത്ത് സർക്കാർ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു വീഴ്ച ഉണ്ടാകുന്നത് ആരോഗ്യവകുപ്പിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിഷയം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചേക്കാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories