അങ്കമാലിയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനിയായ ജാസ്‌ലിയ മരിച്ച കേസിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പ്രതിയായ ഡോ. സിറിയക് ജോർജിനെ പിടികൂടുന്നതിൽ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് പ്രതി രക്ഷപ്പെട്ടതെന്നുമാണ് ആലുവ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന ജാസ്‌ലിയയെ അമിതവേഗതയിലെത്തിയ കാർ പുറകിൽ നിന്ന് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം കാർ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടും പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാട്ടിയെന്നായിരുന്നു ജാസ്‌ലിയയുടെ കുടുംബത്തിന്റെ പ്രധാന ആരോപണം. പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് റൂറൽ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് ആലുവ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്. വാഗമണ്ണിൽ ഒളിവിൽ കഴിയുകയായിരുന്ന ഡോ. സിറിയക് ജോർജിനെ പിന്നീട് പൊലീസ് സംഘം പിടികൂടിയിരുന്നു. പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ കൃത്യവിലോപം മൂലമല്ലെന്നും മറിച്ച് തന്ത്രപൂർവ്വം പൊലീസിനെ ഒഴിവാക്കിയതാണെന്നുമാണ് ഡിവൈഎസ്പിയുടെ റിപ്പോർട്ട് പറയുന്നത്. ഈ റിപ്പോർട്ട് ഇപ്പോൾ റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.