അങ്കമാലി കിടങ്ങൂരിലെ മഹാവിഷ്ണു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനായി എത്തിച്ച ആന വിരണ്ടോടി ഒരാൾ മരിച്ചു. ആനയെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. അപ്രതീക്ഷിതമായി വിരണ്ടോടിയ ആന പരിസരത്തുണ്ടായിരുന്ന ലോറി ഡ്രൈവറെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. ലോറി ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന 'അരുണിമ പാർത്ഥസാരഥി' എന്ന ആനയാണ് ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയത്. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർക്ക് പുറമേ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനയെ തളയ്ക്കാനായി കോടനാടുനിന്നും ആർ.ആർ.ടി (RRT) സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. എന്നാൽ, മണിക്കൂറുകൾ പിന്നിട്ടിട്ടും ആനയെ പൂർണ്ണമായും തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആന പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ തകർത്തിട്ടുണ്ട്. ജനവാസ മേഖലയായതിനാൽ പ്രദേശമാകെ ഇപ്പോൾ കടുത്ത ഭീതിയിലാണ്. ആനയെ ശാന്തമാക്കി തളയ്ക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം.