Share this Article
News Malayalam 24x7
ബൈക്കിലെത്തി സ്ത്രീയുടെ 4പവന്റെ സ്വർണമാല കവർന്നു, മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി കൊരട്ടി പ്രൊബേഷൻ എസ്.ഐ അരുൺകുമാറും സംഘവും
വെബ് ടീം
posted on 12-05-2026
1 min read
JAYASREE

കൊരട്ടി: തൃശൂർ മണ്ണുത്തി നെട്ടിശ്ശേരിയിൽ ബൈക്കിലെത്തി സ്ത്രീയുടെ സ്വർണ്ണ മാല കവർച്ച നടത്തിയ പ്രതിയെ  സാഹസികമായി പിടികൂടി കൊരട്ടി പ്രൊബേഷൻ എസ്.ഐ അരുൺകുമാറും സംഘവും.കൊരട്ടി പോലീസ് സ്റ്റേഷനിൽ ഇന്ന് ചുമതലയേറ്റ പ്രൊബേഷൻ എസ്.ഐ അരുൺകുമാർ ജെ, സി.പി.ഒമാരായ ശ്രീജിത്ത് എൻ.വി,ആന്റണി ജിതിൻ, കെ എ പി സിപിഒ ഗോകുൽ ടി സി സംഘമാണ് പ്രതിയെ പിടികൂടിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു സംഭവം. നെട്ടിശ്ശേരിയിൽ പലചരക്ക് കട നടത്തുന്ന ജയശ്രീയുടെ  കഴുത്തിൽ നിന്നും ബൈക്കിലെത്തിയ ആൾ നാല് പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഉടൻ തന്നെ മണ്ണുത്തി പോലീസ് വയർലെസ് വഴി വിവരം തൃശ്ശൂർ റൂറൽ പോലീസിന് കൈമാറി. സന്ദേശം ലഭിച്ചയുടൻ കൊരട്ടി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രൊബേഷൻ എസ്.ഐ അരുൺകുമാർ, മണ്ണുത്തി പോലീസുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ചും ബൈക്കിനെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചു.

തുടർന്ന് കൊരട്ടിയിൽ വാഹനപരിശോധന ആരംഭിക്കുകയും സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്കിനെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കവർച്ച നടത്തിയത്   രാമവർമ്മ പുരം വില്ലടം സ്വദേശി റിജോ വിൽസനാണെന്ന് മനസിലായി . തുടർന്ന് പ്രതിയെ മണ്ണുത്തി പോലീസിന് കൈമാറി.വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അഭിനന്ദിച്ചു. മികവുറ്റ രീതിയിൽ കൃത്യനിർവഹണം നടത്തിയ പ്രൊബേഷൻ എസ്.ഐ അരുൺകുമാർ ജെ, സി.പി.ഒമാരായ ശ്രീജിത്ത് എൻ.വി, ആന്റണി ജിതിൻ, കെ എ പി സിപിഒ ഗോകുൽ ടി സി എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡും പ്രശംസാ പത്രവും അദ്ദേഹം പ്രഖ്യാപിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories